എബ്രായർ 11:15,16 അവർ വിട്ടുപോന്നതിനെ ഓർത്തു എങ്കിൽ മടങ്ങിപ്പോകുവാൻ ഇട ഉണ്ടായിരുന്നുവല്ലോ. അവരോ അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.
പൗലോസ്, എബ്രായർ 11 -ആം അധ്യായം തുടങ്ങുന്നത് വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പ് എന്ന പ്രത്യാശയുടെ വാക്ക് പറഞ്ഞു കൊണ്ടാണ്. തുടർന്ന് താഴേക്ക് വായിക്കുമ്പോൾ വിശ്വാസ വീരന്മാരുടെ വലിയ പട്ടിക നമുക്ക് കാണാം. അവരെ ദൈവം തിരഞ്ഞെടുത്തതും അവരുടെ പ്രവർത്തികളും വിശ്വാസവും എല്ലാം നമുക്ക് വിശദമായി പഠിക്കാൻ സാധിക്കും. എന്നാൽ 13 -ആം വാക്യത്തിൽ നാം കാണുന്നത് (ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു.) അവരാരും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല എന്നതാണ്.പക്ഷെ 10 മത്തെ വാക്യത്തിൽ " ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു." കാണുന്നു. അവർ വിശ്വാസത്താൽ കാത്തിരുന്നു.
അവർ പ്രതിക്ഷ്യയോടെ കാത്തിരുന്നെകിലും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല. അവർ ലഭിക്കും എന്ന് കാത്തിരുന്നു. അവർ വിട്ടു പോന്നതിന്നെ ഓർത്തില്ല എന്ന് നാം കാണുന്നു. അവർ ലക്ഷ്യം വച്ചതിനെ ലഭിക്കാതിരിക്കുമ്പോഴും വിട്ടു പോന്നതിലേക്ക് തിരുച്ചു പോകാൻ അവർക്ക് തോന്നിയില്ല കാരണം അവർ വിട്ട് പോന്നതിന്റെ മെന്മയെക്കുറിച്ചു പിന്നീട് ചിന്തിച്ചിരുന്നില്ല. അവർ വിട്ടതിനെ പിന്നീട് ഒരിക്കലും ഓർത്തില്ല. അവർ കാത്തിരുന്നു .ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.
പൗലീസിന്റെ തന്നെ മറ്റൊരു ലേഖനത്തിൽ (ഫിലിപ്പിയർ 3:14) “ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.” പൗലോസിന് അഭിമാനിക്കത്തക്കതായി പലതും ഉണ്ടായിരുന്നു. പക്ഷേ പൗലോസും പറയുന്നു. താൻ വിട്ടതിനെ മറന്നു എന്നാണ്. വിട്ടുപോന്നത് ലോക പ്രകാരം അഭിമാനം ഉളവാക്കുന്നത് ആയിരുന്നു. പക്ഷേ ഇന്ന് താൻ എന്തായിരിക്കുന്നുവോ അഥവാ ആരുടെ കൂടെ ആയിരിക്കുന്നുവോ അതുമായി തുലനം ചെയ്യുമ്പോൾ പുറകിലേക്ക് നോക്കുവാൻ തനിക്ക് കഴിയില്ല അതിന്റെ ആവശ്യം ഒരിക്കലും ഉണ്ടാകുന്നില്ല. അത്രയധികം താൻ കർത്താവിനെ സ്നേഹിക്കുന്നു, കർത്താവിനായി ജീവിക്കുവാൻ ആഗ്രഹിക്കുന്നു.
നമ്മൾ ക്രൈസ്തവ വിശ്വാസികൾ ലോക പ്രകാരമുള്ള പലതിനെയും വിട്ട് കർത്താവിനെ നോക്കി ഇറങ്ങി തിരിച്ചു. എബ്രായർ 12 :2 (വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക;) നമുക്ക് അന്നുവരെ അഭിമാനകരമെന്ന് തോന്നിയ പലതിനെയും വിട്ട് യേശുവിനെ പിൻപറ്റി. യേശുവിന്റെ ശിക്ഷ്യന്മാരുടെ പ്രവർത്തന കാലം വളരെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. എങ്കിലും കർത്താവ് അവർക്ക് തുണ നിന്നു. വലിയ പ്രതിസന്ധിയിലും യേശുക്രിസ്തുവിന്റെ വചനം താങ്കൾക്ക് സാധ്യമാകുന്ന സ്ഥലങ്ങളിൽ എല്ലാം പ്രസംഗിച്ചു . വലിയ അടയാളങ്ങളും അദ്‌ഭുതങ്ങളും നടന്നു. അനേകർ യേശുവിന്നെ അറിഞ്ഞു യേശുവിന്റെ ശിക്ഷന്മാരായി. അത്ഭുതങ്ങളും അടയാളങ്ങളും നടക്കുമ്പോഴും ദൈവമക്കൾ കടുത്ത പീഡയിലൂടെ കടന്നുപോയി. ശിക്ഷ്യന്മാർ രക്ത സാക്ഷികളായി തീർന്നു.
യോഹന്നാൻ 16:33 നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു (യേശു) പറഞ്ഞു.
യോഹന്നാൻ 15:19 നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകയ്ക്കുന്നു.
നീറോ ചക്രവര്‍ത്തിയുടെയും ഡൊമിഷ്യൻ ചക്രവർത്തിയുടെയും കാലഘട്ടങ്ങൾ, ഏകദേശം AD 54 മുതൽ AD 313 വരെയുള്ള വർഷങ്ങൾ ആദ്യകാല സഭ വളരെയധികം പീഡയിലൂടെ കടന്നു പോയി, ഈ പീഡയുടെ കാലത്തും ദൈവ വചനനുസരണം ജീവിക്കാൻ വിശ്വാസികൾ ശ്രമിച്ചു. യേശുവിൽ വിശ്വസിച്ചവർ എല്ലാവരും തികഞ്ഞ പ്രത്യാശയിൽ കർത്താവിൽ ആശ്രയിച്ചു ജീവിച്ചു.
നീറോ ക്രൂരതയുടെ പ്രതിരൂപമായി മാറി. 59-ല്‍ സ്വന്തം അമ്മയെ വധിച്ച അദ്ദേഹം ഒടുവില്‍ ആത്മഹത്യയിലൂടെ സ്വന്തം ജീവിതവും അവസാനിപ്പിച്ചു.
ഡൊമിഷിയന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് (81-96) പീഡനങ്ങള്‍ കുറവില്ലാതെ തുടരുകയുണ്ടായി. വെളിപാടു ഗ്രന്ഥം രണ്ടാം അദ്ധ്യായം പതിമൂന്നാം വാക്യം ഈ കാലഘട്ടത്തിലെ പീഡനത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് പണ്ഡിതമതം.
ട്രോജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് (98-117), സാമ്രാജ്യത്തിലുടനീളമുള്ള പ്രാദേശിക ഭരണകര്‍ത്താക്കളായ ഗവര്‍ണര്‍മാര്‍ക്ക് ക്രിസ്ത്യാനികളെ വധിക്കാന്‍ അധികാരം നല്കപ്പെട്ടിരുന്നു. ക്രിസ്ത്യാനിയായിരിക്കുക എന്നതു മാത്രം മതിയായിരുന്നു ഒരാളെ വധശിക്ഷയ്ക്കു വിധിക്കാന്‍. ട്രോജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് ഒരു മാസത്തില്‍ മാത്രമായി 17,000 ക്രൈസ്തവ രക്തസാക്ഷികള്‍ ഉണ്ടായതായി പറയപ്പെടുന്നു.
മര്‍ക്കസ് ഒറേലിയസിന്‍റെ ഭരണകാലത്താണ് (161-180) ഫ്രാന്‍സില്‍ ലിയോണ്‍സില്‍ വച്ച് മതപീഡനവും കൂട്ടരക്തസാക്ഷിത്വവും അരങ്ങേറിയത്. ക്രിസ്ത്യാനികളെ പൊതുസ്ഥലത്തുനിന്നും ചന്തകളില്‍ നിന്നും കുളിസ്ഥലത്തുനിന്നുമെല്ലാം മാറ്റി നിര്‍ത്തി. തുടര്‍ന്ന് കൂട്ടത്തോടെ അറസ്റ്റു ചെയ്ത് മൃഗങ്ങള്‍ക്ക് എറിഞ്ഞുകൊടുത്തു. ലിയോണ്‍സിലുള്ള ത്ര്വ ഗോള്‍സ് എന്ന സ്ഥലത്ത് ആംഫി തിയേറ്ററില്‍ ക്രൈസ്തവ രക്തസാക്ഷിത്വം വിനോദമായി ആഘോഷിച്ചു.
സെപ്ററിമൂസ് സേവരൂസിന്‍റെ ഭരണകാലത്ത് (193-211) ക്രിസ്തുമതത്തിലേയ്ക്കുള്ള പരിവര്‍ത്തനം നിയമം മൂലം നിരോധിച്ചു.
249 മുതല്‍ 251 വരെ ഭരണം നടത്തിയ ചക്രവര്‍ത്തിയായിരുന്നു ഡേസിയൂസ്. 250-ല്‍ അദ്ദേഹം ക്രൈസ്തവര്‍ക്കെതിരെ കല്പനകൊണ്ടു വന്നു. . തുടര്‍ന്നു വന്ന വലേരിയന്‍, ഡയക്ലീഷ്യന്‍, ഗലേറിയൂസ്, സെവേരൂസ്, മാക്സെന്‍റിയൂസ് എന്നീ ചക്രവര്‍ത്തിമാര്‍ ക്രൈസ്തവപീഡനം നിര്‍ബാധം തുടര്‍ന്നുകൊണ്ടേയിരുന്നു. കോണ്‍സ്റ്റന്‍റയിന്‍ ചക്രവര്‍ത്തി 307-ല്‍ ഭരണസാരഥ്യം ഏറ്റെടുത്തു. കുരിശിന്‍റെ കൊടിക്കീഴില്‍ അദ്ദേഹം നേടിയ ചരിത്ര വിജയവും 313-ല്‍ പ്രഖ്യാപിച്ച മിലാന്‍ വിളംബരവും ചരിത്രത്തെ മാറ്റിമറിച്ചു. റോമാ സാമ്രാജ്യത്തില്‍ ക്രൈസ്തവര്‍ക്ക് സ്വാതന്ത്ര്യം നല്കുകയും ക്രിസ്തുമതം റോമിന്‍റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും നിർണായക കാലഘട്ടമാണ് AD 312 മുതലുള്ള കോണ്‍സ്റ്റന്‍റയിൻറെ (Constantine) ഭരണ കാലഘട്ടം. യേശുവിന്റെ മാർഗക്കാർ അല്ലെങ്കിൽ പുതു മാര്ഗ്ഗക്കാർ, കൃസ്ത്യാനികൾ എന്നിങ്ങനെ അറിഞ്ഞിരുന്നവർ പെട്ടെന്ന് ക്രിസ്തുമതക്കാരായി മാറി. പലവിധ അധികാരങ്ങൾ ക്രൈസ്തവ നേതൃത്വങ്ങൾക്ക് ലഭിച്ചു. യഥാർഥത്തിൽ ആദ്യത്തെ മതപരിവർത്തനം ഇതാണെന്നു പറയാം ( യേശുവിനെ രക്ഷീതാവും കർത്താവുമായി സ്വീകരിച്ചു ജലത്തിൽ സ്നാനമേറ്റ് സാക്ഷീകരിക്കാത്ത , അഥവാ മാനസാന്തരം ഇല്ലാത്ത മാറ്റം ) അക്കാലത്തു സാധാരണ ജനങ്ങൾ പലരും മാനസാന്തരം ഇല്ലാതെ ചക്രവർത്തിയുടെ മതമായതു കൊണ്ട് മത പരിവർത്തനം നടത്തി. അക്കാലത്തു നിലനിന്നിരുന്ന പല ആചാരങ്ങളും ക്രൈസ്തവ വൽക്കരിച്ചു ക്രിസ്തുമതത്തിലേക്ക് വന്നു. മുൻപ് അവർ അനുവർത്തിച്ചു പോന്നിരുന്ന മതത്തിൽ ധാരാളം ആഘോഷങ്ങൾ ഉണ്ടായിരുന്നു. ഇവിടെയും ആഘോഷങ്ങൾ വേണമെന്നുള്ള അവരുടെ ആവശ്യങ്ങൾ നിവർത്തിച്ചു കൊടുക്കാൻ മാനസാന്തരപെടാത്ത ചക്രവർത്തി തയ്യാറായി, രാജകീയ മതമായി ഉയർത്തപ്പെട്ടു, ബിഷോപ്പും ആർച്ച് ബിഷോപ്പും റവറണ്ടുമാരും എല്ലാം സഭയിലിലേക്ക് വന്നു. അപ്പോസ്തലൻമാരും സുവിശേഷകരും ആവശ്യമില്ലാതെയായി, അതുവരെ പീഡ അനുഭവിച്ചവർ അധികാരം ആസ്വദിച്ചു തുടങ്ങി. പക്ഷേ യേശു ക്രിസ്തു തങ്ങളിൽ നിന്ന് അകന്നു പോയത് അവർക്ക് തിരിച്ചറിയാൻ സാധിച്ചില്ല. പിന്നീട് ക്രൈസ്തവ ലോകം നീണ്ടകാലം ഇരുണ്ട കാലഘട്ടത്തിലൂടെ പോയി. പിന്നീട് നവീകരണ കാലഘട്ടമുണ്ടായി. എങ്കിലും എല്ലാ കാലത്തും ദൈവം തനിക്കായി വാസ്തവമായി വിശുദ്ധിയോടെ കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകളെ ഒരുക്കിയിരുന്നു എന്നത് സത്യമാണ്.
പിന്നീട് ചില കാലഘട്ടങ്ങൾക്ക് ശേഷം പെന്തകോസ്ത് എന്ന പ്രസ്ഥാനം ഉണ്ടായി. 100 ശതമാനം വേദപുസ്തകത്തോടെ നീതി പുലർത്തി ജീവിതത്തിലൂടെ ക്രിസ്തുവിനെ ആരാധിക്കുകയും പറ്റുള്ളവർക്ക് ക്രിസ്തു സന്ദേശം പകരുകയും ആയിരുന്നു ലക്‌ഷ്യം. പരിശുദ്ധാത്മാവിന്റെ പ്രവർത്തിക്ക് പൂർണമായും കീഴ്പെട്ടു കൊണ്ട് മുന്നേറിയ ഈ മാർഗത്തിലൂടെ അനേകായിരങ്ങൾ യേശുക്രിസ്തുവിനെ വക്തിപരമായി അറിയുകയും അവരുടെ ഈ ലോകത്തിലെ ജീവിതവും ഏറ്റവും മാതൃകാ പരമായി ജീവിച്ചു. ആ കാലങ്ങളിൽ ഒരാൾ സഭായോഗത്തിലേക്കും ഏതെങ്കിലും കൂടിവരവിലേക്കും യേശുവിനെ അറിയാത്ത വ്യക്തികൾ വന്നാൽ അവരിൽ പാപബോധം ഉണ്ടാവുമായിരിന്നു. വെളിപ്പെടും ദർശനവും അന്യഭാഷയും വ്യാഖ്യാനവും പ്രവചനവും ഉണ്ടായിരുന്നു. ദൈവത്തെ ബഹുമാനവും ഭയവും ഉണ്ടായിരുന്നു. എല്ലാവരും ഏക ഭാവമുള്ളവരും പരസ്പരം താങ്കളുടെ ഭൗതീക സൗകര്യങ്ങൾ പങ്കുവെക്കുന്നവരുമായിരുന്നു. ( അക്കാലത്തും ഇതിനു വിരുദ്ധമായ പ്രവർത്തികളും ഇല്ലാതില്ല) പക്ഷെ ജീവിതത്തിൽ വിശുദ്ധി സൂക്ഷിക്കുക എന്നതിൽ വിട്ടുകളഞ്ഞതിലേക്ക് തിരിച്ചു പോകാതിരിക്കാൻ, വളരെ വലിയ ശ്രമമുണ്ടായിരുന്നു. ദൈവ വചനം പ്രസംഗിക്കുന്നവർ മിക്കരും ഉപദേശി എന്നാണ് അറിഞ്ഞിരുന്നത്. ഉപദേശി പറയുന്ന വാക്ക് ദൈവത്തിന്റെ വാക്ക് പോലെ കരുതിയിരുന്നു. അന്ന് സമൂഹത്തിൽ ജീവിക്കുന്നവരിൽ നിന്നും വളരെ വ്യത്യസ്തരായി ജീവിച്ചു അതിൽ ചിലത് താഴെ ചേർക്കട്ടെ
അക്കാലങ്ങളിൽ ആഭരണം ധരിക്കാതിരുന്നത് ഈ മാർഗക്കാരെ മറ്റുള്ളവരിൽ നിന്ന് മാറ്റി നിർത്തുന്നതിനു കാരണമായി തീർന്നു .വിവാഹം പോലുള്ള കുടുബപരമായ കൂടിച്ചേരലുകളിൽ പെന്തക്കോസ്തുകാരെ പങ്കെടുപ്പിച്ചില്ല. പലരെയും വീട്ടിൽ നിന്നും ഇറക്കിവിട്ടു. അവരുടെ പിതാക്കന്മാരുടെ സ്വത്തിൽ അവകാശമില്ലാതെയായി. സാമൂഹികമായി വലിയ അംഗീകാരമൊന്നും ആദ്യകാല പെന്തോകൊസ്തുകാർക്ക് ഇല്ലായിരുന്നു എങ്കിലും ആരും തന്നെ അവരെ കാര്യമായി എതിർത്തിരുന്നില്ല, കാരണം അവർ പ്രാർത്ഥിച്ചാൽ അങ്ങനെ തന്നെ സംഭവിക്കുമെന്ന് ജനം വിശ്വസിച്ചിരുന്നു. പലരും അത്ഭുത രോഗ ശാന്തിയിലൂടെ യേശുവിൽ വിശ്വസിച്ചു. കഷ്ടതയിലും പട്ടിണിയിലും ദൈവത്തെ മാത്രം നോക്കി വിശ്വസ്തതോയോടെ ജീവിച്ചു. ലോകം അവരെ ആദരിച്ചില്ലെങ്കിലും ദൈവം അവരുടെ തലമുറകളെ മാനിച്ചു. ആദ്യകാലത്ത് ഇറങ്ങി തിരിച്ചവരിൽ പലർക്കും കാര്യമായ വിദ്യാഭ്യസം ഇല്ലായിരുന്നു. കർത്താവിനു വേണ്ടി എന്ത് ആയിത്തീരുവാനുള്ള ആവേശം അവർക്കുണ്ടയിരുന്നു. ആ ആവേശത്തിൽ അവർ എടുത്ത തീരുമാനങ്ങളിൽ ചിലതൊക്ക അപക്വമായിരിന്നു. താങ്കളുടെ കാലത്തു തന്നെ കർത്താവ് മടങ്ങി വരുമെന്ന് അവർ പ്രതീക്ഷിച്ചു . രോഗം വന്നാൽ മരുന്ന് ഉപയോഗിക്കുന്നത് തെറ്റായി അവർ കരുതിയിരുന്നു.
കാലം വേഗത്തിൽ മുന്നോട്ടു പോകുന്നതോടെ പെന്തോകൊസ്തുകാരുടെ തലമുറകൾ വളർന്നു. രണ്ടാം തലമുറയും മൂന്നാം തലമുറയും വിശ്വാസത്തിനായി തീഷ്ണത്തോയോടെ നിന്നു. ദൈവാനുഗ്രഹത്താൽ എല്ലാവര്ക്കും നല്ല വിദ്യാഭ്യാസവും ജോലിയും ലഭിച്ചു. പലരും വിദേശ ജോലി ലഭിച്ചു. പ്രത്യകിച്ചും ഗൾഫ് മേഖലയിൽ ജോലി കിട്ടി. കർത്താവിനെ മാത്രം നോക്കി മുന്നേറിയവരുടെ ലക്ഷ്യങ്ങളിൽ ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങി. ഉപദേശിമാർ പലരും പാസ്റ്റർമാരായി (രണ്ടാം തലമുറ ഉപദേശിമാർ ബൈബിൾ കോളേജ് വിദ്യാഭ്യാസം നേടിയവരായി -ഉപദേശി എന്നത് പരിഷ്കരിച്ചു പാസ്റ്റർ ആയി ). എങ്കിലും പലരും ഉപദേശത്തിൽ വിശ്വസ്തത പുലർത്തി , നാം എല്ലാവരും രാജകീയ പുരോഹിത വർഗമായി വിളിക്കപ്പെട്ടവർ എന്ന നിലയിൽ മുന്നേറി.
കാലക്രമേണ കൊണ്ട് പെന്തോകൊസ്തുകാർ സാമ്പത്തീകമായി വളരുന്നു തുടങ്ങി. ഈ കാലഘട്ടങ്ങളിൽ മറ്റു സമൂദായങ്ങളിൽ നിന്നും പുരോഹിതരും വിശ്വാസികളും സഭയിലേക്ക് വന്നു തുടങ്ങി. കത്തോലിക്ക യാക്കോബായ സഭകളിലെ പുരോഹിതന്മാരെ പോലുള്ള പുരോഹിതരാണ് താങ്കളുമെന്ന ഒരു മിഥ്യാധാരണ പെന്തക്കോസ്ത് ഉപദേശിമാർക്കും വന്നു തുടങ്ങി. അവർ റവരെന്റുമാരും വെരി റെവേറെന്റുമാരും ആയപ്പോൾ താങ്കൾക്കും അങ്ങനെ ആകുവാനുള്ള ആഗ്രഹം അവരിൽ തുടങ്ങി.അച്ചന്മാർ ളോഹ ധരിക്കുന്നു അവർക്ക് സമൂഹത്തിൽ മാന്യത ലഭിക്കുന്നു. അതുപോലെ തന്നെ മാന്യത തങ്ങൾക്കും വേണമെന്ന് ചിന്തയിൽ ളോഹ പോലെ തോന്നുന്ന കോളർ ഉള്ള മുക്കാൽ ജുബ്ബാ ഇട്ടു തുടങ്ങുന്നു.വിശ്വാസികൾ പാസ്‌റ്റർമാർ എന്നിങ്ങനെ രണ്ടു ഭാഗമായി സഭ മാറുന്നു.
ഒരു പ്രാദേശിക സഭയിൽ 10 കുടുംബങ്ങൾ ഒത്തൊരുമിച്ചു ദൈവത്തെ ആരാധിക്കുകയും പ്രാത്ഥിക്കുകയും ചെയ്യുന്നു അതിൽ ഒന്നോ രണ്ടോ പേര് വിദേശത്ത് ജോലി ലഭിക്കുന്നു അഥവാ സാമ്പത്തിക അഭിഭൃത്തി പ്രാപിക്കുമ്പോൾ, അവർ തമ്മിൽ വേർതിരിവുകൾ ഉണ്ടാകുന്നു. പാസ്റ്റർമാരും സമ്പന്നരുടെ കൂടെ നിൽക്കുന്ന നിലയിലേക്ക് സഭയുടെ ലക്‌ഷ്യം മാറുന്നു. ദൈവദാസന്മാരുടെ പ്രസംഗങ്ങളിലും കാര്യമായ വ്യത്യാസങ്ങൾ ഈ കാലങ്ങളിൽ ഉണ്ടാക്കുന്നു. നിത്യ രക്ഷയുടെ വാഗ്ദത്തം മാറി. വിദേശ നന്മയെ കേന്ദ്രികരിച്ചുള്ള പ്രസംഗങ്ങൾ ആരംഭിക്കുന്നു. ബാക്കി കുടുംബങ്ങളും അഭിഭൃതി പ്രാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രാർത്ഥിക്കുന്നു. സാമ്പത്തീക നന്മകൾ ലഭിച്ചവർ അനുഗ്രഹിക്കപെട്ടവർ എന്ന രീതിയിൽ നമ്മൾ വചനത്തെ പഠിച്ചു തുടങ്ങുന്നു. ഇനി ചില മാറ്റങ്ങൾ അക്കമിട്ടു വിവരിക്കട്ടെ.

(എഫെസ്യർ 4 :11-13 അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു)
പ്രവചനം എന്നാൽ സംഭവിക്കാനുള്ളത് മുൻകൂട്ടി പറയുക എന്നതാണ്. അത് വേദപുസ്തകാടിസ്ഥാനത്തിൽ നോക്കിയാൽ പഴയനിയമത്തിൽ ധാരാളം പ്രവചനങ്ങളും പ്രവാചകന്മാരെയും നമുക്ക് കാണാൻ സാധിക്കും വിശേഷിച്ചും യേശുക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ടും കൂടാതെ നാം കാണുന്നത് യിസ്രായേൽ ജനത്തിന്റെ പാപത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയും ഇസ്രയേലിന്റെ വീണ്ടെടുപ്പിനോട് ബന്ധപെട്ടതുമായിരുന്നു. പ്രവാചകനെ ദൈവം നിയോഗിക്കുന്നത് പലപ്പോഴും ജനത്തിന്റെ പാപത്തെ കുറിച്ചു ബോധ്യം വരുത്തുന്നതിനാണ്. ധാരാളം പ്രവാചക പുസ്തകങ്ങൾ പഴയനിയമത്തിൽ ഉണ്ട് എന്നാൽ പുതിയ നിയമത്തിൽ ഒരു പ്രവചന പുസ്തകമേയുള്ളു എന്നിരുന്നാലും അപ്പോസ്തോല പ്രവർത്തികളുടെ പുസ്തകത്തിൽ പ്രവാചകനെ കുറിച്ച് നാം കാണുന്നുണ്ട്. പ്രവൃത്തികൾ 11: 27 ആ കാലത്തു യെരൂശലേമിൽ നിന്നു പ്രവാചകന്മാർ അന്ത്യൊക്ക്യയിലേക്കു വന്നു. 28 അവരിൽ അഗബൊസ് എന്നു പേരുള്ളൊരുവൻ എഴുന്നേറ്റു ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്നു ആത്മാവിനാൽ പ്രവചിച്ചു; അതു ക്ളൌദ്യൊസിന്റെ കാലത്തു സംഭവിച്ചു. (അഗബോസിൻ്റെ പ്രവചനമനുസരിച്ച് യഹൂദ്യയിൽ താമസിക്കുന്ന സഹോദരന്മാർക്ക് ആശ്വാസം അയക്കാൻ അഗബോസ് ഉണ്ടായിരുന്ന അന്ത്യോക്യയിലെ ശിഷ്യന്മാർ തീരുമാനിച്ചു). അപ്പോസ്തലനായ പൗലോസിനെ ജറുസലേമിൽ തടവിലാക്കിയതിനെക്കുറിച്ച് പ്രവചിക്കുന്ന പ്രവൃത്തികൾ 21: 10-11 ലും അഗബോസിനെ പരാമർശിക്കുന്നു. ( "അഗാബോസ്" എന്ന വാക്ക് ഗ്രീക്ക് പദമായ "Ἄγαβος" (അഗബോസ്) എന്നതിൽ നിന്നാണ് ഉരുത്തിരിഞ്ഞത്, അതിനർത്ഥം "വെട്ടുക്കിളി" അല്ലെങ്കിൽ "ശേഖരിക്കുന്നവൻ" എന്നാണ്.)
നമ്മുടെ ഇടയിലും അനേക പ്രവാചകന്മാരെ നമുക്ക് കാണാൻ കഴിയും അത് ഈ ഗണത്തിൽ പെട്ടതാണോ എന്ന് നാം ആത്മ പരിശോധന നടത്തണം . കേൾക്കുന്നവർക്ക് പണത്തിനോടും സുഖ സൗകര്യങ്ങളോടും മോഹം ജനിപ്പിക്കുന്ന പ്രവചനമാണോ നമ്മിൽ നിന്ന് ഉണ്ടാകുന്നത് അതോ ഈ പ്രവചനം കൊണ്ട് ഒരുവനെ ക്രിസ്തുവിലേക്ക് അടുപ്പിക്കാൻ കഴിയുന്നുണ്ടോ?. അതോ പ്രവചിക്കുന്ന വക്തിയുടെ പേരും പ്രശസ്തിയും വർധിപ്പിക്കുകയും ഇതൊരു ധനാഗമന മാർഗ്ഗമാക്കി തീർക്കുകയുമാണോ?
യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷാകാലത്തു യൂദായുടെ കയ്യിൽ പണം സൂക്ഷിച്ചിരുന്നതായി കാണുന്നു. (യോഹന്നാൻ 12 : 6 ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞതു). ഏറ്റവും തെറ്റിദ്ധരിപ്പിക്കപ്പെടുവാൻ സാധ്യതയുള്ള ഒരു വിഷയമാണ് " ധന സമ്പാദനം". മത്തായി 5 : 42 നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു.
2 തെസ്സലൊനീക്യർ 3:10–12 വാക്യങ്ങളിൽ അഹോവ്ര്യതിക്കായി അധ്വാനിക്കണമെന്നു പറയുന്നു.ഫിലിപ്പിയർ 4 : 19 "എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടു ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന്നൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണ്ണമായി തീർത്തുതരും"
മറ്റുള്ളവർക്ക് അവരുടെ ആവശ്യത്തിന് കൊടുക്കണമെങ്കിൽ നമ്മുടെ കൈവശം പണം ആവശ്യമാണ്. അതിനാവശ്യമായ സമ്പാദനം വേണം എന്നും അതിനായും ദൈനംദിന ആവശ്യത്തിനായും അധ്വാനിക്കണമെന്നു നാം തിരുവചനത്തിൽ കാണുന്നു. പ്രവൃത്തികൾ 5 ആം അദ്ധ്യായത്തിൽ ധനത്തോടുള്ള മോഹത്താൽ നശിച്ചു പോയ ദമ്പതികളെ കുറിച്ചു മനസ്സിലാക്കുമ്പോൾ ധനസമ്പാദനം ഒരിക്കലും സ്വന്തമോഹങ്ങൾക്കനുസരിച്ചു ലോകഗതിയിൽ മുന്നേറുവാനല്ല എന്ന് നമുക്ക് മനസ്സിലാക്കാം. പെന്തക്കോസ്ത് പ്രസ്ഥാനം കേരളത്തിൽ ആരഭിക്കുന്ന സമയത് യേശു മാത്രം സമ്പത്തെന്നു കരുതി ഇറങ്ങി തിരിച്ച നമ്മൾ ഏതു മാർഗത്തിലും പണം സാമ്പാദിക്കാം എന്ന് പഠിപ്പിക്കുന്നവരായി തീർന്നിരിക്കുന്നോ? സുവിശേഷം പ്രസംഗിക്കുന്നതിന്, പ്രാർത്ഥിക്കുന്നതിന്, പ്രവചിക്കുന്നതിന് എല്ലാം പണം മാത്രം ലക്‌ഷ്യം കാണുന്നവരായി നാം തീർന്നിരിക്കുന്നോ ? യേശു കർത്താവിന്റെ വാക്ക് നമുക്ക് ശ്രദ്ധിക്കാം "മത്തായി 6 :21 നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും." " മത്തായി 6 :24 രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല."

യിരെമ്യാവ് 10:2 - "യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ വഴി പഠിക്കരുത്; ആകാശത്തിലെ ലക്ഷണങ്ങള്‍ കണ്ടു ഭ്രമിക്കരുത്; ജാതികള്‍ അല്ലോ അവ കണ്ടു ഭ്രമിക്കുന്നത്".അന്യജാതികൾ ചെയ്യുന്ന വിഗ്രഹാരാധന, ആകാശത്തിലെ അടയാളങ്ങൾ നോക്കി ഭയപ്പെടുക, വിഗ്രഹങ്ങൾ ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങൾ പഠിക്കരുത് എന്നാണ് ഇതിന്റെ സാരം. ഇത് ദൈവത്തിൽ നിന്നുള്ള അകൽച്ചയാണ്. 2 കൊരിന്ത്യർ 6:14-16 "നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ?. ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി?. ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ടു “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു."
അന്യജാതിക്കാരുടെ ആചാരങ്ങളോ അനുഷ്ടനങ്ങളോ ആഘോഷങ്ങളിലോ ഒന്നും പങ്കെടുക്കുവാനോ ആചരിക്കുവാനോ നമുക്ക് ദൈവ വചനം അനുവാദം തരുന്നില്ല. , "ഇതാ തനിച്ചു പാർക്കുന്നൊരു ജനം; ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല" സംഖ്യാപുസ്തകം 23:9. ഇറങ്ങി തിരിച്ച നാളുകളിൽ നമ്മൾ രക്ഷീകപ്പെടാത്ത മറ്റുള്ള എല്ലാവരെയും ജാതികളായി കണ്ടിരുന്നു (അത് ശരിയാണെകിലും അല്ലെങ്കിലും). ജാതിമായ എല്ലാ ആഘോഷങ്ങളിൽ നിന്നും നാം മാറിനിന്നിരുന്നു. ഓണം, വിഷു, ക്രിസ്തുമസ്സ്, പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ അങ്ങനെ എല്ലാ വിധ ആഘോഷങ്ങളിൽ നിന്നും മാറിനിന്നിരുന്നു. ഇസ്‌ലാമിക ആഘോഷങ്ങൾ പറയുകയേ വേണ്ട. നമ്മൾ ആ ഭാഗത്തേക്കേ പോയിരുന്നില്ല.
ഇന്ന് നാം പറയുന്ന ഒരു സ്ഥിരം പല്ലവിയാണ്, ആദ്യസ്‌നേഹം നമുക്കില്ല, ആദ്യകാലത്തെ വിശ്വാസം ഇപ്പോഴില്ല അങ്ങനെ പലതും പക്ഷേ നാം യേശു ക്രിസ്തുവിൽ നിന്ന് എത്രോയോ അകലെ പോയിരിക്കുന്നു എന്ന് ദയവായി ചിന്തിക്കുമോ. ഇത് ആരെയും കുറ്റ പെടുത്താൻ എഴുതുന്നതല്ല. ദയവായി ഓരോ ദൈവമക്കളും ചിന്തിക്കുക ലോകത്തിന്റെ വഴിയേ നോക്കി പഠിക്കരുത് എന്ന് പറയുന്ന യഹോവ തന്നയല്ലേ ഇന്നും നമ്മുടെ ദൈവം?. ദൈവം തന്റെ വിശുദ്ധിയോ നിയമമോ ഒരു കാലത്തും മാറ്റിയിട്ടില്ല. കർത്താവിന്റെ വാക്ക് ഉവ്വ്, ഉവ്വ് എന്ന് തന്നെയാണ്.
ഇന്ന് നമ്മൾ മതേതരത്വത്തിന്റെ പേര് പറഞ്ഞു ഓണം ആഘോഷിക്കുന്നു. അതിൽ കുറച്ചുകൂടി ബുദ്ധികൂടിയവർ യഥാർത്ഥ മഹാബലി യേശു ആണെന്നുവരെ സമർത്ഥിക്കാൻ ശ്രമിക്കുന്നു. ചിലർ പറയുന്നു ഇത് കാർഷീക ഉത്സവമാണ് അത് കൊണ്ട് ആഘോഷിക്കാമെന്ന്. ഞാൻ ചോദിക്കട്ടെ ഇതിൽ എത്ര പേര് കൃഷി ചെയ്യുന്ന കർഷകരുണ്ട്. കാർഷീക ഉത്സവമെങ്കിൽ കാർഷീക പ്രവർത്തിയുമായി ചേർന്ന് നില്കുന്നവരല്ലേ അത് ചെയ്യേണ്ടത്. ഇതിനർത്ഥം ഓണത്തിനെതിരെ പ്രസംഗിക്കണമെന്നല്ല. അത്തരത്തിലുള്ള ഒരു കാര്യത്തിലും പങ്കെടുക്കാതിരിക്കാം. ഈ കഴിഞ്ഞ ഓണത്തിന് കേരളത്തിലെ വളരെ പ്രശസ്തനായ ഒരു ക്രിസ്തീയ പ്രാസംഗികൻ താൻ ഓണത്തിന് ഒരു കട ഉദഘാടനം ചെയ്യാൻ പോയിട്ട് ഓണ സദ്യ കഴിച്ച കഥ പറഞ്ഞു. തൻ ചെയ്ത പ്രവർത്തിയെ താൻ പല കാരണങ്ങൾ നിർത്തി ന്യായികരിച്ചു എന്നിട്ട് പറയുകയാണ് മറ്റാരെങ്കിലും കണ്ടാൽ തന്നെ കുറ്റപ്പെടുത്തുമെന്ന്. ഇദ്ദേഹത്തെ പരിശുദ്ധാത്മാവ് കുറ്റപ്പെടുത്തുന്നത് അദ്ദേഹത്തിന് തിരിച്ചറിയാൻ കഴിയാതെ പോയത് എന്ത് കൊണ്ടാണ്?. നമ്മുക്ക് ഒരു ദൈവ വചനം നോക്കാം. 1കൊരിന്ത്യർ 8 :13 ആകയാൽ ആഹാരം എന്റെ സഹോദരന്നു ഇടർച്ചയായിത്തീരും എങ്കിൽ എന്റെ സഹോദരന്നു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു ഞാൻ ഒരുനാളും മാംസം തിന്നുകയില്ല.
ഇവിടെ പൗലൊസ് പറയുന്നത് തന്റെ സഹോദരന് ഇടർച്ച വരുത്തുന്നു എങ്കിൽ എന്ന്. ഒരുരുത്തൻ' സ്വന്ത ഗുണമല്ല മറ്റുള്ളവന്റെ ഗുണംകൂടെ നോക്കട്ടെ. വിസ്താര ഭയത്താൽ എട്ടാം അധ്യായം മുഴുവൻ വിവരിക്കുന്നില്ല ഒരു പക്ഷെ നിങ്ങൾ പറയുമായിരിക്കും കടയിൽ നിന്ന് കഴിക്കുന്നത് വിഗ്രഹാർപ്പിതം അല്ല എന്നത്. ജാതികൾ ആചരിക്കുന്ന അതെ ദിവസം അതെ രീതിയിൽ ഭക്ഷണം കഴിക്കുമ്പോൾ ദൈവത്തോട് ചോദിക്കാമോ ഇത് ദൈവഹിതമാണോ എന്ന് ഒരുവനെ കർത്താവിനു വേണ്ടി നേടുവാൻ കഴിഞ്ഞോ എന്ന്. കൊരിന്ത്യർ 10 : 31 ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിൻ....33 ഞാനും എന്റെ ഗുണമല്ല, പലർ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.
ക്രിസ്തുമസ് ലോക വ്യാപകമായി എല്ലാവരും ആഘോഷിക്കുന്നു എന്നാൽ നമ്മൾ ആരംഭകാലങ്ങളിൽ ഇതിൽ നിന്നും വിട്ടു നിന്നിരുന്നു. അന്ന് നാം പറഞ്ഞിരുന്ന കാരണം യേശു ഡിസംബർ 25 ന് ജനിച്ചു എന്നതിന് തെളിവില്ല എന്നതാണ് മറ്റൊരു കാരണം അത് പ്രാചീന റോമാക്കാർ സൂര്യ ദേവന്റെ ജന്മദിനം കൊണ്ടാടിയ ദിനമാണ് എന്നതാണ്. അതിൽ എവിടെയോ ഒരു മാറ്റം വന്നിട്ടില്ലേ? ക്രിസ്തുമസ്സ് ആഘോഷിക്കാതിരുന്ന അല്ലെങ്കിൽ അതിന്റെ പേരിൽ നിന്ദകൾ സഹിച്ച പിതാക്കന്മാരെ വിഡ്ഢികൾ ആക്കി കൊണ്ട് ഇന്ന് നമ്മൾ യേശു ക്രിസ്തു ഇല്ലാതെ ക്രിസ്തുമസ്സ് ആഘോഷിക്കുന്നു. സഭകളിൽ നാം ചുവപ്പൻ കുപ്പായങ്ങളും തലപ്പാവുകളും അണിയുന്നു. എന്തിന് കരോൾ സർവീസ് നടത്തുന്നു. ഒരു പക്ഷേ "കരോൾ സർവീസ്" എന്ന് പറയുമ്പോൾ യേശു ക്രിസ്തുവിനെ കുറിച്ച് പാട്ട് പാടുന്നു അല്ലെങ്കിൽ യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട പാട്ട് പാടുന്നു. അതിൽ എന്താണ് തെറ്റ് എന്ന് തോന്നിയേക്കാം. നമ്മൾ മുൻപ് പറഞ്ഞിരുന്നത് വർഷത്തിൽ ഒരിക്കൽ മാത്രം ആചരിക്കണ്ടതല്ല എന്നാണ്. ഇപ്പോൾ വർഷത്തിൽ ഒരിക്കലെങ്കിലും ഓർത്തിരുന്നെകിൽ എന്നായി. ഇത് തന്നെയല്ലേ നാം സമുദായ സഭകൾ എന്നും നാമധേയ സഭകൾ എന്നുമൊക്കെ പറയുന്ന സഭകളും ചെയ്യുന്നത് ?
നമ്മൾ പലരും ക്രിസ്തുമസ്സ് സന്ദേശം എന്ന നിലയിൽ സുവിശേഷം പറയാറുണ്ട്. സുവിശേഷം പറയുവാൻ ഏറ്റവും അനുകൂലമായ സമയം എന്നാണ് നാം ചിന്തിക്കുന്നത്. ഈ സമയവും നമുക്ക് തക്കത്തിൽ സുവിശേഷം പറയാൻ പ്രയോജനപ്പെടുത്താം. പക്ഷേ ഇതിൽ ഒളിഞ്ഞിരിക്കുന്ന ഒരു പൈശാചിക തന്ത്രമുണ്ട്. നാം അറിഞ്ഞുകൊണ്ടോ അല്ലാതെയോ സന്തോക്ലോസ്സ് വേഷങ്ങൾ ധരിക്കുന്നു. നാമധേയ ക്രൈസ്തവർ ആഘോഷിക്കുന്നതിലും വിപുലമായി നാം സന്തോക്ലോസ്സ് വേഷം ധരിക്കുന്നു തൊപ്പി ധരിക്കുന്നു. ഇതും യേശു ക്രിസ്തുവുമായി എന്താണ് ബന്ധമുളളത്. അപ്പോൾ നമ്മളും യേശുവിന്റെ ജന്മദിനമല്ല ആഘോഷിക്കുന്നത് ലോകം എന്താണോ ക്രിസ്തുമസ്സ് എന്ന നിലയിൽ കാണുന്നത് അത് ( ഉണ്ണി യേശുവും സാന്താക്ളോസ്സും) തന്നെ നാമും ചെയ്യുന്നു. ഈ വേഷം ധരിക്കാതെയും സുവിശേഷം പറയാൻ പറ്റില്ലേ?
ചിലർ പറയുന്നത് ഡിസംബർ 25 അല്ല യേശുവിന്റെ ജന്മദിനമെന്നു അവർക്ക് അറിയാം എങ്കിലും യേശു ജനിച്ചു എന്നത് വാസ്തവമാണല്ലോ അപ്പോൾ അതിനു ഒരു ദിവസം ഉണ്ടല്ലോ അതെല്ലാവരും വിശ്വസിക്കുന്നതുപോലെ ഡിസംബർ 25 ന് തന്നെ ആകുന്നത് തെറ്റില്ല എന്നതാണ്. അങ്ങനെയെങ്കിൽ നാം യേശു ക്രിസ്തുവിന്റെ ജന്മദിനം സുവിശേഷം അറിയിച്ചു കൊണ്ട് ആഘോഷിക്കുന്നു എന്ന് സഭകൾക്ക് ഔദ്യോഗികമായി പറയാൻ സാധിക്കാത്തത് എന്ത് കൊണ്ടാണ്? ഇപ്പോഴും സഭാ നേതൃത്വങ്ങളോട് ചോദിച്ചാൽ ക്രിസ്തുമസ്സ് ആഘോഷം ഇല്ലെന്നു പറയും. ഈ ഇരട്ടത്താപ്പ് എന്തിനാണ്?
മറ്റൊരു പ്രധാന കാര്യമുള്ളത് നാം ഏതെങ്കിലും ഒരു നേതാവിന്റെ ജന്മദിനം ആചരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനകാലത്തെ ഫോട്ടോയാണ് ഉപയോഗിക്കുന്നത് ഒരിക്കലും അവർ ജനിച്ചപ്പോഴുള്ള ഫോട്ടോ ഉപഗോയിക്കാറില്ല. ഉദാഹരണമായി ഒകോബെർ 2 ഗാന്ധിജയന്തിയായി ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന്റെ ജന്മസമയത്തെ ഫോട്ടോ കണ്ടിട്ടില്ല. കൂടാതെ ഗാന്ധിജിയുടെ 100 വര്ഷം തികഞ്ഞപ്പോൾ അന്നത്തെ ആഘോഷത്തിനു തിരി തെളിയിക്കുകയും മധുരം കൊടുക്കുകയും ചെയ്ത പ്രധാനമന്ത്രിയുടെ കോട്ട് പിന്നീടുള്ള എല്ലാ ജന്മദിനത്തിലും ഉപയോഗിക്കാറുമില്ല. (ഗലാത്യർ 4:10 നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു.). ആണ്ടറുതി മീറ്റിംഗ്, ശിശു പ്രതിഷ്ട തുടങ്ങി പല തെറ്റായ കിഴ്വഴക്കങ്ങളും നമ്മുടെ ഇടയിൽ ഉണ്ട്
പെസഹാ വ്യാഴം, ദുഃഖ വെള്ളി, ഈസ്റ്റർ തുടങ്ങി എല്ലാം നമ്മൾ ആചരിച്ചു തുടങ്ങി
മത്തായി 20 : 21 “നിനക്കു എന്തു വേണം” എന്നു അവൻ അവളോടു ചോദിച്ചു. അവൾ അവനോടു: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു. സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി യേശുവിന്റെ അടുത്തേക്ക് വന്നു യേശുവിനെ നമസ്ക്കരിച്ചു അവനോടു അപേക്ഷച്ചതാണ് ഈ ആഗ്രഹം. അവർ ചിന്തിച്ചിരുന്നത് ഈ ഭൂമിയിൽ ആ കാലത്തുതന്നെ യേശു രാജ്യസ്ഥാനം ഏറ്റെടുക്കും അപ്പോൾ തന്റെ മക്കൾക്ക് ഒരു സ്ഥാനം ലഭിക്കണമെന്ന് ആ 'അമ്മ ആഗ്രഹിച്ചു. മർക്കൊസ് 12 : 24 യേശു അവരോടു പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു?
യേശു മറ്റൊരു സന്ദർഭത്തിൽ പറഞ്ഞതാണെകിലും പലപ്പോഴും ദൈവ വചനത്തെയും ദൈവത്തിന്റെ ഇഷ്ടത്തെയും തിരിച്ചറിയാൻ നമുക്ക് കഴിയാത്തതുകൊണ്ടാണ് നാം ഈ ലോകത്തിലെ അധികാര സ്ഥാനത്തെ കുറിച്ചും മാനത്തെക്കുറിച്ചും ക്രമരഹിതമായ ആഗ്രഹിക്കുന്നത്. മത്തായി 23:6 - 12 അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വളിക്കുന്നതും അവർക്കു പ്രിയമാകുന്നു. നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു;
നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ. നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.
തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും.
ഇതിനോട് ചേർന്നു നിൽക്കുന്ന വാക്യങ്ങൾ മാർക്കോസ് 9:35 ലും ലൂക്കോസ് 14:11ലും കാണാം.നമ്മെക്കാൾ മറ്റുള്ളവരെ ശ്രേഷ്ടരെന്നു എണ്ണമെന്നാണ് യേശു കർത്താവ് നമ്മളെ കുറച്ചു ആഗ്രഹിക്കുന്നത്. എന്നാൽ നമ്മുടെ പ്രാദേശിക സഭകളിൽ, സഭയുടെ നേതൃത്വങ്ങളിൽ ഒക്കെ നടുക്കുന്ന തിരഞ്ഞെടുപ്പുകളിൽ തെരഞ്ഞെടുപ്പുകളെ പൂർണമായും പരിശുദ്ധത്മാവിന്റെ നിയത്രണത്തിൽ ആയിരിക്കാനും ആർക്കുവേണ്ടിയും പക്ഷം പിടിക്കാതെയും ദൈവം ഏല്പിക്കാത്ത ഒരു സ്ഥാനവും വേണ്ടെന്നു വെക്കുവാനും നമുക്ക് കഴിയുമോ? നമുക്ക് ലഭിക്കുന്ന എല്ലാ സ്ഥാനവും വിശ്വസ്തയോടെ കർത്താവിന്റെ വേല ചെയ്യുന്നതിനായിരിക്കണം പക്ഷെ ഇന്ന് നാം സ്ഥാനത്തിന് വേണ്ടി തെരുവിൽ വഴക്കുണ്ടാക്കുന്നു. നമ്മുടെ സഹ ശുശ്രുഷകരുടെ കുറ്റം പറയുന്നു. പലരെയും അപമാനിക്കുന്നു. ദൈവനാമം ദുഷിക്കപ്പെടാൻ നാം'കാരണക്കാരാകുന്നു. നേതാക്കന്മാരെ താങ്ങിയും പുകഴ്ത്തിയും മറ്റുള്ളവരുടെ കുറ്റം പറഞ്ഞും നേടുന്ന സ്ഥാനം ദൈവം നമുക്ക് തന്നതാണെന്നു നാം തെറ്റിദ്ധരിപ്പിക്കുന്നു. പൗലോസ് പറയുന്നു എനിക്ക് ലഭ്യമായതെല്ലാം ഞാൻ ചേതമെന്നെണ്ണി.
കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിക്കടുത്ത് ഒരു പെന്തകൊസ്തു സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ പരിപാടിയോട് ചേർന്ന് ദീപശിഖ പ്രയാണം കണ്ടു.അതിനു എന്താണ് മറുപടി പറയണ്ടത് എന്ന് ഇന്നും സാധിക്കുന്നില്ല. വെടിക്കെട്ടും സംഘശക്തി കാണിക്കലുമൊന്നും ദൈവീക പദ്ധ്വതി അല്ല എന്നെകിലും മനസിലാക്കുക.
ചില ദൈവദാസന്മാർ സുവിശേഷം പറയാനായി സമൂഹത്തിന്റെ നെഗറ്റീവായ ഇമേജുള്ള സെലിബ്രിറ്റികളുടെ പേരും ഫോട്ടോയും സംഭവങ്ങളും ഉപയോഗിക്കുന്നു. മത്തായി 7: 6 വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു; അവ കാൽകൊണ്ടു അവ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാൻ ഇടവരരുതു. ചില വക്തികൾ ചിന്തിക്കുന്നത് സുവിശേഷം അറിയിക്കുന്നതിന് എന്തും ചെയ്യാമെന്നാണ് അങ്ങനെ ഒരു വൃവസ്ഥ ബൈബിളിൽ കാണുന്നില്ല.
ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു വിഷയമാണ് പരിശുദ്ധമാഭിഷേകവും അന്യഭാഷയും. പെന്തകോസ്ത് നാൾ വന്നപ്പോൾ അവിടെ കൂടിയിരുന്ന 120 പേരിലും പരിശുദ്ധമാഭിഷേകം ഉണ്ടായതും അവർ അന്യഭാഷയിൽ സംസാരിച്ചു തുടങ്ങിയതും നാം കാണുന്നു. എന്നാൽ ഇന്നത്തെ തലമുറയിൽ അന്യഭാഷ ആവശ്യമില്ല എന്ന നിലയിലേക്ക് മാറിയിരിക്കുന്നു.(ഈ വിഷയം മറ്റൊരു ലേഖനത്തിൽ വിവരിക്കാം )
യഹോവേ, ഞങ്ങൾ മടങ്ങി വരേണ്ടതിന് ഞങ്ങളെ അങ്ങയിലേക്ക് മടക്കിവരുത്തേണമേ; ഞങ്ങൾക്ക് പണ്ടത്തെപ്പോലെ ഒരു നല്ലകാലം വരുത്തേണമേ.
ഒരിക്കൽ ഒരു സാധുവായ സുവിശേഷകൻ ഒരു ഗ്രാമത്തിൽ താമസിച്ചു കർത്താവിന്റെ വേല ചെയ്തു. കുറച്ചു കാലം കഴിഞ്ഞപ്പോൾ കുറച്ചുപേർ താൻ പറഞ്ഞ സുവിശേഷം കേട്ട് രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് തന്റെ കൂടെ കർത്താവിനെ ആരാധിച്ചു വന്നു. കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ അതൊരു സഭയായി വളർന്നു. ഇദ്ദേഹം അവരുടെ പാസ്റ്ററായി. സഭാഹാൾ പണിതു. സമൂഹത്തിലെ സമ്പന്നരും ഉന്നത വക്തികളുമെല്ലാം സഭയിലേക്ക് വന്നു തുടങ്ങി. സഭയിൽ ഔദ്യോഗിക കമ്മറ്റി രൂപികരിച്ചു. സഭ കുറച്ചുകൂടി വിപുലമാക്കി. സഭ ഇപ്പോൾ ഒരു മെഗാ സഭയായി വളർന്നു. സഭയിൽ സഹ ശുശ്രുഷകന്മാരെ നിയമിച്ചു. അവരെല്ലാം ഉന്നത വിദ്യഭ്യാസം ഉള്ളവരായിരുന്നു. അങ്ങനെയിരിക്കെ കമ്മറ്റിക്ക് ഒരു ആഗ്രഹം തോന്നി. സഭ വളരെ വലുതായിരിക്കുന്നു സമൂഹത്തിൽ വലിയ മാന്യത തങ്ങൾക്ക് ഇപ്പോൾ ഉണ്ട്, പക്ഷേ അവരുടെ സീനിയർ പാസ്റ്റർക്ക് വലിയ വിദ്യാഭ്യാസമില്ല. ഇംഗ്ലീഷ് അത്ര പോരാ. പിന്നെ പ്രായവുമായി അതുകൊണ്ട് പാസ്റ്ററിനെ തത്കാലത്തെ മാറ്റിയിട്ട് മറ്റൊരു ചെറിയ സംവിധനം ഒരുക്കാം. അങ്ങനെ അവർ കൂടി തീരുമാനിച്ചു. പാസ്റ്റർ അത് അംഗീകരിക്കേണ്ടതായി വന്നു. അങ്ങനെ അവിടെ വലിയ സമ്മേളനം നടക്കുന്ന ദിവസം പാസ്റ്റർ അവിടെ ഒന്നുമല്ലത്തവനായി തീർന്നു. താൻ ആ ഹാളിൽ നിന്നും ഇറങ്ങി. പുറത്തുള്ള ഒരു ബഞ്ചിൽ പോയിരുന്നു അല്പനേരം ദൈവത്തോട് പ്രാർത്ഥിച്ചു. ഇനി എങ്ങോട്ടു പോണമെന്നറിയില്ല. പുതിയ ഒരു പ്രവർത്തനം ചെയ്യുവാൻ തന്റെ ആരോഗ്യം അനുവദിക്കുന്നില്ല. പ്രായമായ ഭാര്യയെയും കൂട്ടി എങ്ങോട്ടു പോകണമെന്നറിയില്ല. അങ്ങനെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ തന്റെ അടുത്തൊരാൾ ഇരിക്കുന്നതായി തനിക്ക് മനസ്സിലായി. താൻ കണ്ണ് തുറന്നു നോക്കിയപ്പോൾ. തന്റെ അടുത്ത വന്ന വൃക്തി പാസ്റ്ററിനോട് കാര്യങ്ങൾ അന്വേഷിച്ചു. വന്നയാൾ അപ്പോൾ പാസ്റ്ററിനോട് പറഞ്ഞു നിന്നെ അവർ ഇന്നലെയല്ലേ പുറത്തിക്കിയത്. എന്നെ അവർ പുറത്താക്കിയിട്ട് നാളുകളായി. പക്ഷേ അവർ ഇപ്പോഴും എന്റെ പേരാണ് അവിടെ പറയുന്നത്. പക്ഷേ ഞാൻ നിന്നോട് കൂടെയുണ്ട്. പാസ്റ്റർ അദ്ദേഹത്തോട് ചോദിച്ചു. താങ്കളാരാണ് ?
അദ്ദേഹം പറഞ്ഞു ഞാനാണ് യേശു ക്രിസ്തു.
പ്രീയ സഹോദരങ്ങളെ വാസ്തവമായി യേശു നമ്മൂടെ കൂടെയുണ്ടോ?. ആരെല്ലാം കൂടെയില്ലെങ്കിലും കർത്താവ് നമ്മോടു കൂടെ ഉണ്ടായിരിക്കട്ടെ!. യേശുക്രിസ്തുവിന്റെ വരവിങ്കൽ യേശുവിനെ എതിരേൽക്കുന്നവരുടെ നാം കാണുവാൻ ആഗ്രഹത്തോടെ ദൈവ വചനനുസരണം ജീവിക്കാം ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരിക്കാം
പ്രധാനപ്പെട്ട പാപം ഏതാണ്